6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

പി.എസ്.സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ച് പരാതി പ്രവാഹം;ഇരുപതോളം പരീക്ഷാ, നിയമനങ്ങളിൽ പകുതിയിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് പരാതി; പരാതികൾ ലഭിച്ചത് ക്രൈംബ്രാഞ്ചിന്.

പി.എസ്.സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. നൂറിലേറെപ്പേരാണ് പരാതിക്കാർ. ഒരു പരീക്ഷയെക്കുറിച്ച് അഞ്ചു പേരെങ്കിലും പരാതിക്കാരുണ്ട്. സംശയനിഴലിലുള്ള ഇരുപതോളം പരീക്ഷാ, നിയമനങ്ങളിൽ പകുതിയിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് പരാതിക്കാരുടെ മൊഴി. വിശദ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനാണ് പത്തംഗസംഘത്തെ ഇരുപതാക്കിയത്.
പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ, മൂല്യനിർണയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 200മാർക്കിനുള്ള വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറേണ്ടിയിരുന്നത്. ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഒരു ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവായതെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഡെപ്യൂട്ടി സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി അണ്ടർ സെക്രട്ടറിയുമടക്കം ഉന്നത ഉദ്യോഗസ്ഥർ ക്രമക്കേട് അറിഞ്ഞിട്ടും റാങ്ക് പട്ടികയോ നിയമനമോ റദ്ദാക്കാതിരുന്നത് കുറ്റകരമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഓൺസ്ക്രീൻ മാർക്കിംഗ് സെക്ഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാവും ആദ്യം ചോദ്യം ചെയ്യുക.
അതേസമയം, ആസൂത്രണബോർഡ് പരീക്ഷയിലെ ഒന്നാംറാങ്കുകാരൻ എഴുതാതിരുന്നതും തെറ്റിച്ചതുമായ പത്ത് ചോദ്യങ്ങൾ വീണ്ടും മൂല്യനിർണയം നടത്താൻ പി.എസ്.സിയോട് ആവശ്യപ്പെട്ടെന്ന പ്രചാരണം ക്രൈംബ്രാഞ്ച് തള്ളി. പുനർമൂല്യനിർണയത്തിനോ റാങ്ക് പട്ടിക പുന:ക്രമീകരിക്കാനോ വീണ്ടും അഭിമുഖം നടത്താനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പരീക്ഷയിലെയും നിയമനത്തിലെയും ക്രിമിനൽ കുറ്റമാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. പുനർമൂല്യനിർണയം, നിയമനം റദ്ദാക്കൽ അടക്കമുള്ളവ പി.എസ്.സിയുടെ ചുമതലയാണ്. പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Ad Code

Responsive Advertisement