6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. തെക്കൻ തീരങ്ങളിൽ കടൽക്ഷോഭത്തിനും മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം, തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

അതേസമയം, മധ്യകേരളത്തിൽ നദികളിലെ ജലനിരപ്പ് താഴ്ന്നെങ്കിലും പല കുടുംബങ്ങളും ഇതുവരെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പത്തനംതിട്ടയിലും കോട്ടയത്തുമായി ഇരുപതിനായിരത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പമ്പ, അച്ചൻകോവിൽ, കക്കാട്, കല്ലാർ എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. നിരവധി റോഡുകൾ ഗതാഗതയോഗ്യമായെങ്കിലും ചില പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Ad Code

Responsive Advertisement