നഗരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റിനെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പിൽ പാസായി. ഇതോടെ പാവൂർക്കോണം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ച അബി ശ്രീരാജ് പുറത്തായി. അബി ശ്രീരാജിൻ്റെ പിന്തുണ യോടെ എൽ ഡി എഫ് ഭരണം തുടരവെ സ്ത്രീ പീഢനവുമായി ബന്ധപ്പെട്ട് അബി ശ്രീരാജിനെതിരെ പൊലീസ് കേസ് എടുത്തതിനെ തുടർന്ന് സ്ത്രീ പക്ഷ നിലപാട് ഉയർത്തി എൽഡിഎഫ് അംഗങ്ങൾ വൈസ് പ്രസിഡൻ്റിനെതിരെ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുകയായിരുന്നു. 17 അംഗ ഭരണസമിതിയിൽ സിപിഐ എം ( 5) സിപിഐ ( 2 ) കോൺഗ്രസ് (6) ബിജെ പി ( 2 ) എസ്ഡിപിഐ (1) എന്നിങ്ങനെയാണ് കക്ഷിനില . അവിശ്വാസം പാസാകാൻ 9 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടി വരുന്നത്. പഞ്ചായത്തിൽ നീതി തേടി എത്തിയ നിരാലംബയായ പട്ടികജാതി സ്ത്രീയെ സ്വന്തം അധികാരം ഉപയോഗിച്ച് വശീകരിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വൈസ് പ്രസിഡന്റ് ആയ അബി ശ്രീരാജ് പ്രതിയായതോടെ എൽഡിഎഫ് ഭരണത്തിന് അപ്പുറം തികച്ചും സ്ത്രീ പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പകുതിയിൽ അധികം വനിതകൾ ഭരണസമിതിയിൽ ഉള്ളപ്പോൾ സ്ത്രീ പീഢന ആരോപണം നേരിടുന്ന ഒരാൾ വൈസ് പ്രസിഡന്റ് ആയി ഇരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നതിനാൽ ആണ് എൽഡിഎഫ് തികച്ചും സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചത്. എന്നാൽ കോൺഗ്രസും ബിജെപിയും വൈസ് പ്രസിഡൻ്റിൻ്റെ സ്ത്രീവിരുദ്ധ നിലപാടുകളെ തള്ളി പറയാതെ വൈസ് പ്രസിഡൻ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിന്നു. എന്നാൽ എൽഡിഎഫിൻ്റെ സ്ത്രീ പക്ഷ നിലപാടിൽ പിന്തുണ അറിയിച്ച് , തികച്ചും സ്ത്രീ വിരുദ്ധ സമീപനം സ്വീകരിച്ച വൈസ് പ്രസിഡൻ്റിനെ പുറത്താക്കണം എന്ന എൽഡിഎഫ് നിലപാടിന് ഒപ്പം കോൺഗ്രസിൻ്റെ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൽ പി ബി അനശ്വരിയും , കോൺഗ്രസ് അംഗം നന്ദു സുരേഷ് കുമാറും എസ് ഡിപിഐ അംഗം നിസാമുദ്ദിൽ നാലപ്പാട്ടും എത്തിയതോടെ പ്രമേയം ചർച്ചക്കെടുക്കുകയും 10 വോട്ടൊടെ പ്രമേയം പാസാകുകയും ചെയ്തു. 1995 ന് ശേഷം ആദ്യമായാണ് നഗരൂരിൽ ഇത്തരത്തിൽ ഒരവിശ്വാസ പ്രമേയം വരുന്നത്. കോൺഗ്രസിൻ്റെയും ബി ജെ പി യുടെയും സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രമേയത്തെ അനുകുലിച്ച മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പ്രസിഡൻ്റ് ഡി സ്മിത അറിയിച്ചു
Social Plugin