ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ഭാര്യാമാതാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. പുല്ലമ്പാറ മൂന്നാനക്കുഴി ദർപ്പപുറത്ത് വീട്ടിൽ സതീഷ് (43) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി ഭരതന്നൂർ അംബേദ്കർ കോളനിയിൽ വച്ചാണ് സംഭവം.സതീഷിന്റെ ആക്രമണത്തിൽ പരിക്കേറ്റ സതീഷിന്റെ ഭാര്യ ബേബി (38) ബേബിയുടെ മാതാവ് വസന്ത (63) എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- സതീഷും ഭാര്യ ബേബിയും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസത്തിലായി പിണക്കത്തിലാണ്. ഇതിനെത്തുടർന്ന് ബേബി തന്റെ മാതാവിന്റെ ഭരതന്നൂർ അംബേദ്കർ കോളനിയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെ മദ്യപിച്ച് ഇവിടെയെത്തിയ സതീഷ്, ബേബിയോടും മാതാവിനോടും വഴക്കിടുകയും കൈയിൽ കരുതിയിരുന്ന റബ്ബർ ടാപ്പിങ് കത്തികൊണ്ട് ബേബിയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു.തടയാൻ ശ്രമിച്ച വസന്തയെയും കത്തികൊണ്ട് ആക്രമിച്ചു. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതിയെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. ഇയാൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
Social Plugin