അഭിമാന നേട്ടവുമായി കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ.നെഹ്റു യുവകേന്ദ്രവും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് താലൂക്ക് തലങ്ങളിൽ നടന്ന മത്സരങ്ങളിൽ കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് ഡൽഹിയിൽ പോകാൻ അവസരം ലഭിച്ചത്.
കാരേറ്റ് ലക്ഷം വീട് ഏഴാം നമ്പറിൽ പ്രഫുല്ലചന്ദ്രന്റെയും രമ്യയുടെയും മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദർശ് .പി.ആർ, കിളിമാനൂർ കുറവൻകുഴി പാഞ്ചജന്യത്തിൽ അദ്ധ്യാപകനായ ഷാജിയുടെയും ആറ്റിങ്ങൽ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റായ ഹർഷ ടി.എസിന്റെയും മകൻ പാർത്ഥസാരഥി, വെള്ളല്ലൂർ കരിം പാലോട് ചൂരോട് പുത്തൻ വീട്ടിൽ ഹോട്ടൽ ജീവനക്കാരനായ സജീറിന്റെയും വീട്ടമ്മയായ സബീറാ ബീവിയുടെയും മകൻ മുഹമ്മദ് ഫർഹാൻ എന്നിവർക്കാണ് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാൻ അവസരം കിട്ടിയത്.കൂടാതെ രാഷ്ട്രപതി,ഉപരാഷ്ട്രപതി,പ്രധാനമന്ത്രി,പ്രതിരോധ മന്ത്രി തുടങ്ങിയവരെ നേരിട്ട് കാണുന്നതിനും സംവദിക്കുന്നതിനും അവസരമുണ്ടാകും.
കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപകനും ക്വിസ് മാസ്റ്ററുമായ രഞ്ജിത് എ.ആറാണ് ക്വിസ് പരിശീലനം നൽകിയത്.
Social Plugin