കോടതി വിധിയിലൂടെ നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചെങ്കിലും ഉത്തരവിന് കോടതി ഒക്ടോബർ 21 വരെ സ്റ്റേ നൽകി. ഒരു ടെൻഡർ വോട്ട് പരിശോധിച്ചതിലൂടെയാണ് നാവായിക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡായ മുക്കുകടയിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജസീറയെ കോടതി വിജയിയായി പ്രഖ്യാപിച്ചത്. എന്നാൽ എതിർഭാഗം അഭിഭാഷകർ ചില സുപ്രീംകോടതി വിധികൾ പരാമർശിച്ച്, വ്യാജ വോട്ട് ചെയ്തത് കണ്ടെത്തി അത് കുറവ് ചെയ്തതിനു ശേഷം മാത്രമേ ടെൻഡർ വോട്ട് പരിഗണിക്കാവൂവെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കോടതിവിധി അഞ്ച് ദിവസത്തേക്ക് മരവിപ്പിക്കുകയും അപ്പീൽ പോകാൻ അവസരം നൽകുകയുമായിരുന്നു. വർക്കല മുൻസിഫ് കോടതി ജഡ്ജി അരവിന്ദ് ആണ് വിധി സ്റ്റേ ചെയ്തത്. ഷജീനയ്ക്കു വേണ്ടി അഭിഭാഷകരായ എസ്. രമേശൻ,വിവേക് .ആർ.എം എന്നിവർ ഹാജരായി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുക്കുകട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുമയ്യ റംസാനെ പിന്നിലാക്കിയാണ് സി.പി.എം സ്ഥാനാർത്ഥി ഷജീനയും സ്വതന്ത്ര സ്ഥാനാർത്ഥി ജസീറയും 420 വോട്ട് വീതം നേടിയത്. തുടർന്ന് നറുക്കെടുപ്പിലൂടെ ഷജീനയെ വിജയിയായി പ്രഖ്യാപിക്കുകയായിരിന്നു. ഇതേ തുടർന്ന് എണ്ണാനുള്ള ഒരു ടെൻഡർ വോട്ട് എണ്ണുന്നതിനു വേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥി ജസീറ കോടതിയെ സമീപിക്കുകയായിരുന്നു. ടെൻഡർ വോട്ട് എണ്ണിയപ്പോൾ ആ വോട്ട് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിക്കുകയും 421വോട്ട് നേടിയ ജസീറയെ കോടതി വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേ തുടർന്ന് സത്യപ്രതിജ്ഞ നടത്തുന്നതിന് ജസീറ സെക്രട്ടറിക്ക് കത്ത് നൽകാനിരിക്കെയാണ് വിധി കോടതി മരവിപ്പിച്ചത്.
നിലവിൽ നാവായിക്കുളം പഞ്ചായത്തിൽ എൽ.ഡി.എഫ് -9,യു.ഡി.എഫ് -8,ബി.ജെ.പി -5എന്നതാണ് കക്ഷിനില. സ്വതന്ത്ര സ്ഥാനാർത്ഥിയായ ജസീറയെ മേൽക്കോടതി വീണ്ടും വിജയിയായി പ്രഖ്യാപിച്ചാലും പഞ്ചായത്തിൽ ഭരണപ്രതിസന്ധിയില്ല. ജസീറയുടെ പിന്തുണയോടെ കോൺഗ്രേസ് പഞ്ചായത്ത് ഭരിക്കുമെന്ന കിംവദന്തി പരന്നെങ്കിലും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ജസീറയ്ക്ക് കോൺഗ്രസ് അംഗത്വം പോലും ഇല്ലെന്നും കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി അഡ്വ. ഇ.റിഹാസ് പറഞ്ഞു
Social Plugin