ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിൻകീഴ് ശർക്കര കടകം പുളുംതുരുത്തിൽ പ്രസന്ന വിലാസത്തിൽ സുജിത്ത് (26) നെയാണ് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി. ആർ ബിജു കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുവാനും പിഴ ഒടുക്കിയില്ലെങ്കിൽ 23 മാസം തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2022 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ മാതാവിന് ഉറക്ക ഗുളികകൾ നൽകി വീട്ടിൽ വച്ചും, വർക്കല റിസോർട്ടിൽ വച്ചും വിവാഹ വാഗ്ദാനം നൽകി നിരവധി പ്രാവശ്യം പ്രതി ലൈംഗികമായി പീഡിപ്പിച്ചു. യാദൃശ്ചികമായി
വിദ്യാർത്ഥിനിയുടെ ഫോൺ ബന്ധു പരിശോധിക്കുന്നതിനിടെയാണി വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ചിറയിൻകീഴ് എസ് എച്ച്.ഒ ജി. ബി മുകേഷ് ആയിരുന്നു കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: യു സലിംഷയും അഡ്വ : നീലിമ ആർ കൃഷ്ണനും ഹാജരായി.


Social Plugin